Share this Article
ജമ്മുവില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സംഖ്യം അധികാരത്തിലേറാന്‍ സാധ്യത
election

ജമ്മുകശ്മീരിലെയും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്. ജമ്മു കശ്മീരില്‍ നാഷണല്‍ കകോണ്‍ഫറന്‍സും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സംഖ്യം ജമ്മുവില്‍ അധികാരത്തിലേറാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ഹരിയാനയില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചിക്കുന്നത്.

ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, റിപ്പബ്ലിക് ഇന്ത്യാ ടുഡെ , മെട്രിസ് തുടങ്ങിയവരുടെ എക്‌സിറ്റ് പോള്‍ സര്‍വേകളിലെല്ലാം കോണ്‍ഗ്രസിന് 55 ന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. കുറഞ്ഞത് 51 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് മിക്ക സര്‍വേകളുടെയും ഫലം.

ബിജെപിക്ക് ശരാശരി 28 മുതല്‍ 32 വരെ സീറ്റുകളാണ് പുറത്തുവന്ന സര്‍വേകളില്‍ പ്രവചിക്കപ്പെടുന്നത്. ജെജപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും വലിയ പ്രഭാവം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നു തന്നെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കര്‍ഷക സമരവും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭവും ജാട്ട് - സിഖ് സമുദായങ്ങളുടെ വോട്ടുകളുമെല്ലാം ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയപ്രവേശവും കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് ജമ്മു കശ്മീരിലും ഇന്ത്യാ സംഖ്യത്തിനു തന്നെയാണ് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്.

റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും 28 മുതല്‍ 32 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യത്തിന് 40 മുതല്‍ 50 സീറ്റുകള്‍ നേടാനാവുമെന്നാണ് വിലയിരുത്തല്‍.

സീവോട്ടര്‍, ഇലക്ടറല്‍ എഡ്ജ് സര്‍വേ ഫലങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ഒറ്റകക്ഷിയെന്ന നിലയില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ പോലും ബിജെപിക്ക് സീറ്റുകളുടെ എണ്ണത്തില്‍ മേല്‍ക്കോയ്മയുണ്ടാകുമെന്നാണ് പ്രവചനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories