കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയതെന്നത് മാധ്യമസൃഷ്ടിയാണ്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ പരിപാടിയാണ്. ആദ്യത്തെ പരിപാടി ഒരു സഹകരണബാങ്കിന്റെ ഉദ്ഘാടനമായിരുന്നു. സഹകരണമേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നവും ആ മേഖലയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുമാണ് ഞാന്‍ അവിടെ സംസാരിച്ചത്. സംസാരം അവസാനിപ്പിക്കുന്നതിനിടെ അനൗണ്‍സ്‌മെന്റ് ഉണ്ടായി. താന്‍ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്‍പ് അനൗണ്‍സ് മെന്റ് നടത്തിയത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പിന്നെയും പറയുകയാണ്. അന്നേരം ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കുന്നില്ലേയെന്ന്. അത് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു' - മുഖ്യമന്ത്രി പറഞ്ഞു.
'ആ സമയത്ത് ചാനല്‍ കൊടുത്തത് മുഖ്യമന്ത്രി ഇറങ്ങിപ്പോയി എന്നാണ്. ആ കൊടുത്തയാള്‍ ഇവിടെയുണ്ടോയെന്നറിയില്ല. എന്താണ് അതിനെ കൊണ്ട് അവര്‍ക്ക് കിട്ടുന്നത്. അവിടെ എനിക്ക് എന്ത് പിണക്കമാണ് ഉള്ളത്. ഒരാള്‍ ശരിയല്ലാത്ത കാര്യം ചെയ്യുമ്പോള്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറഞ്ഞതു കൊണ്ട് ഞാന്‍ അത് നാളെ പറയാതിരിക്കുമോ?, നിങ്ങളുടെ ഉദ്ദേശ്യം വല്ലാത്തൊരു ചിത്രമുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. പക്ഷെ അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിലുണ്ടാകില്ലെന്ന് മനസിലാക്കണം'- പിണറായി പറഞ്ഞു.
കാസര്‍കോട് ബേഡടുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുന്‍പേ വേദിയില്‍ അനൗണ്‍സ്മെന്റ് കേട്ടതോടെ മുഖ്യമന്ത്രി പോവുകയായിരുന്നു. 'താന്‍ സംസാരിച്ച് തീരും മുന്‍പേ അനൗണ്‍സ്മെന്റ് നടത്തുന്നത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ. താന്‍ സംസാരിച്ച് തീര്‍ത്തിട്ടല്ലേ അനൗണ്‍സ്മെന്റ് വേണ്ടത്' എന്ന് സംഘാടകരില്‍ ഒരാളോട് വേദിയില്‍ വച്ച് പറയുകയും ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്.