സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. തീരുമാനം റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശത്തിന് ശേഷം.യൂണിറ്റിന് 34 പൈസ കൂട്ടണമെന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. സമ്മർ താരിഫ് ഏർപ്പെടുത്തുന്നതും പരിഗണനയിൽ.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്ന നിലപാടിലാണ് വൈദ്യുതി വകുപ്പുള്ളത്. കൂടാതെ പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്..ആഭ്യന്തര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടിയായിരിക്കുന്നത്…
നിരക്ക് വർധനയുമായി ബന്ധപ്പെട്ട നടപടികളും തെളിവെടുപ്പും റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കി. കമ്മീഷൻ, റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയതിന് ശേഷമാകും സർക്കാർ നടപടി. ഉപഭോക്താക്കളെ സാരമായി ബാധിക്കാത്ത തരത്തിൽ നിരക്ക് ഉയർത്താനാണ് തീരുമാനം.
അതേസമയം വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയിലാണെന്നും അതുകൊണ്ട് സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ടെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നു. നിരക്ക് വര്‍ധനവിന് പുറമെയാണ് ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനയും.രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.