Share this Article
Flipkart ads
മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 5 ജില്ലകളിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത
വെബ് ടീം
posted on 11-10-2024
1 min read
RAIN ALERT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം  സാധ്യതയുള്ളതിനാ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാലും പൊതുജനം കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. 

അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.  ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ  കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories