മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായതായി മഹാ വികാസ് അഘാഡി സഖ്യം. കോണ്‍ഗ്രസ് , ശിവസേനാ , എന്‍സിപി എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. ബാക്കി 33 സീറ്റുകളില്‍ ചിലത് എംവിഎയുടെ ഭാഗമായ ചെറുപാര്‍ട്ടികള്‍ക്കും നല്‍കാനും ധാരണയായി.
ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗം 65 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തിറക്കിയതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തില്‍ നില നിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതിയായി.മുംബൈ, നാസിക്, വിദര്‍ഭ എന്നിവിടങ്ങളിലെ സീറ്റുകളെച്ചൊല്ലി പ്രതിസന്ധിയിലായ കോണ്‍ഗ്രസിനും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനുമിടയില്‍ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ മധ്യസ്ഥത വഹിച്ചതോടെയാണ് ചര്‍ച്ചകള്‍ ഫലം കണ്ടത്.
6 മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്തിയത്. ആഴ്ചകളായി സീറ്റ് വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസ് - ശിവസേന തര്‍ക്കം തുടരുകയായിരുന്നു. രണ്ട് ദിവസത്തെ മാരത്തോണ്‍ യോഗങ്ങള്‍ക്കു ശേഷമാണ് ശരദ് പവാറിന്റെ മധ്യസ്ഥതയില്‍ സഖ്യത്തിലെ മൂന്നു പ്രധാന കക്ഷികളും സമവായ ചര്‍ച്ച നടത്തിയത്.
നിലവിലെ ഫോര്‍മുല ആദ്യ കരട് മാത്രമാണെന്നും ഇപ്പോള്‍ പുറത്തു വന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക മാറ്റത്തിന് വിധേയമാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷം സഖ്യം അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്തും കോണ്ഗ്രസ് നേതാവ് നാനാ പടോലെയുമാണ് സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചതായി അറിയിച്ചത്.
എന്നാല്‍ തര്‍ക്കം നില നില്‍ക്കുന്ന മേഖലകളിലെ പല സീറ്റുകളിലും ഇപ്പോഴും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നത് സമവായ ചര്‍ച്ച എത്ര കണ്ട് ഫലമുണ്ടാക്കി എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. വടക്കന്‍ മഹാരാഷ്ട്ര, തെക്കന്‍ നാഗ്പൂര്‍, അമരാവതി, മുംബൈയിലെ ഘട്‌കോപ്പര്‍ വെസ്റ്റ്, ബൈക്കുല്ല, വെര്‍സോവ, കുര്‍ള, ബാന്ദ്ര ഈസ്റ്റ്, നാസിക് വെസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.