ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നരേലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കാണാതായ കുട്ടിയെ വെള്ളിയാഴ്ചയാണു തൊട്ടടുത്ത പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം കുട്ടിയെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
നരേല സെക്ടർ ആറിൽ നിന്നും വ്യാഴാഴ്ച രാത്രി 9:45നാണ് കുട്ടിയെ കാണാതാവുന്നത്. രാത്രി 12:30ന് കുട്ടിയെ കാണാനില്ലെന്നു നരേല പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല തിരിച്ചറിയാനാവാത്ത വിധം തകർന്നു. വസ്ത്രത്തിലൂടെയാണ് ആളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.