ഇത്തവണ പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം ലീഗ് ചരിത്ര വിജയം നേടിയപ്പോൾ അത് മറ്റൊരു നേട്ടത്തിന് കൂടിയാണ് വഴിയൊരുക്കുന്നത്. സമസ്ത വോട്ടുകൾ കൃത്യമായി മുസ്‌ലിം ലീഗിന് തന്നെ ലഭിച്ചു എന്നതിൻറെ തെളിവാണ് സമദാനിക്കും ഇടി മുഹമ്മദ് ബഷീറിനും ലഭിച്ച വലിയ ഭൂരിപക്ഷം.സമസ്തയുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ വിജയങ്ങൾ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുസ്‌ലിം ലീഗ് ഇത്തവണ മത്സരിച്ച മൂന്നു സീറ്റുകളിലും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയം സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് സിറ്റിംഗ് എംപി കൂടിയായ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നവാസ് ഖനി 1,66,782 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
2019ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയിരുന്നു. എന്നാൽ ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീർ ഇരട്ടിയോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചുകയറിയത്. ഭൂരിപക്ഷം മാത്രം മൂന്നു ലക്ഷത്തിഒരുന്നൂറ്റി പതിനെട്ടാണ്.
പൊന്നാനിയിൽ അബ്ദുസമദ് സമദാനി കഴിഞ്ഞതവണ ഇ.ടി.നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷത്തിനാണ് വിജയം കൊയ്തത്. 235760 ആണ് സമദാനിയുടെ ഭൂരിപക്ഷം. സമസ്ത വോട്ടുകൾ നിർണായകമായ മലപ്പുറത്തും പൊന്നാനിയിലും അണികൾ ലീഗിനെതിരെ വോട്ട് ചെയ്യുമെന്ന ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.
സമസ്തയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതും സമസ്ത വോട്ടുകളിൽ കണ്ണുവെച്ചു കൊണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള തർക്കങ്ങൾ ഗുണം ചെയ്യും എന്ന വിലയിരുത്തലിലായിരുന്നു സിപിഐഎം ഉണ്ടായിരുന്നത്.
എന്നാൽ സമദാനിയുടെയും ഇടിയുടെയും വലിയ ഭൂരിപക്ഷം സമസ്താ വോട്ടുകൾ ഇത്തവണയും ലീഗിന് തന്നെ ലഭിച്ചു എന്നാണ് വ്യക്തമാക്കുന്നത്. സമസ്തയിലെ ലീഗ് വിരുദ്ധരായ രണ്ടാം നിര നേതാക്കൾക്കെതിരെ കൂടുതൽ ശക്തമായി മുന്നോട്ടു പോകാൻ മുസ്‌ലിം ലീഗിന് കരുത്ത് പകരുന്നതാണ് മലപ്പുറത്തെയും പൊന്നാനിയിലെയും മിന്നും വിജയം.
എന്തു പരീക്ഷണവും കുത്തിതിരിപ്പ് ഉണ്ടായാലും വിജയം വരിക്കാൻ കഴിയുമെന്നതിൻ്റെ തെളിവാണ് മലപ്പുറവും പൊന്നാനിയും കാണിച്ചുതന്നത് എന്ന ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ സമസ്തയുടെ പരമ്പരാഗത വോട്ടുകൾ ലഭിച്ച മുസ്‌ലിം ലീഗിന്റെ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്.
ഒപ്പം തന്നെ സമസ്തയിലെ ഉന്നത നേതൃത്വവും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹാർദ്ദപരമാക്കാനും ഈ വിജയങ്ങൾ സഹായിക്കും. ഫലത്തിൽ സമസ്തയിലെ ചുരുക്കം ചില രണ്ടാംനിര നേതാക്കളൊഴിച്ച് അണികളെയും മറ്റു നേതാക്കളെയും ഒപ്പം നിർത്താനായി എന്നതാണ് മുസ്‌ലിം ലീഗിന്റെയും വിലയിരുത്തൽ. ഇതോടെ സമസ്തയും ലീഗും തമ്മിലുള്ള പിണക്കങ്ങൾക്കു കൂടിയാവും ശുഭ പര്യവസാനം ഉണ്ടാവുക.