തിരുവനന്തപുരം: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകി ഗവർണർ. ഇതോടൊപ്പം തന്നെ കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കിയിട്ടുണ്ട്. രണ്ടിടത്തേക്കും സർക്കാർ സമർപ്പിച്ചിരുന്ന പട്ടിക വെട്ടിയാണ് ഗവർണർ നിയമനം നടത്തിയിരിക്കുന്നത്. സർക്കാർ അനുമതി വാങ്ങാതെ പദവി വഹിച്ചതിന് സിസ അച്ചടക്ക നടപടി നേരിട്ടിരുന്നു. നടപടി സുപ്രീംകോടതി റദ്ദാക്കിയിട്ടും സർക്കാർ പെൻഷൻ പോലും നൽകാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് പുതിയ നിയമനം.
ഡോ. കെ ശിവപ്രസാദിന് കെടിയു വിസിയുടെ താൽക്കാലിക ചുമതലയും നൽകി. കുസാറ്റ് ഷിപ്പ് ടെക്നോളജിയുടെ പ്രൊഫസർ ആണ് ശിവപ്രസാദ്. കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും അതുപോലെ തന്നെ സാങ്കേതിക സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡോ. സജി ഗോപിനാഥായിരുന്നു രണ്ടിന്റെയും ചുമതല വഹിച്ചിരുന്നത്.
സർക്കാർ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പാനൽ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവർണർ താത്ക്കാലിക വിസിമാരെ നിയമിച്ചത്. സർക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതാണ്. കഴിഞ്ഞ തവണ സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക ചുമതല സിസ തോമസിന് ഗവർണർ നൽകിയിരുന്നു.അന്ന് സർക്കാരിന്റെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയത്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തനിക്കുള്ള പെൻഷൻ തടയുന്നതിനെതിരെ ഉൾപ്പെടെ സിസ തോമസ് സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. സുപ്രീം കോടതി സർക്കാരിന്റെ എല്ലാ നടപടികളും റദ്ദാക്കുകയും ചെയ്തിരുന്നു.