ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലം ഒന്നും ലഭിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പിടിയിലായ പ്രതി മുരളീകൃഷ്ണ പറഞ്ഞു.ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ.
ശനിയാഴ്ച രാവിലെയാണ് സംഭവം.ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു.
ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന പൂജാരിയുടെ നിലവിളി കേട്ട് സമീപത്ത് ജോലിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് എത്തി അക്രമിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് മുരളികൃഷ്ണനിൽ നിന്നും വിചിത്രമായ മറുപടി പൊലീസിന് ലഭിക്കുന്നത്.