Share this Article
image
ഷാഫി പറമ്പിൽ 40,000 ത്തിലധികം വോട്ടിന് വിജയിക്കുമെന്ന് പാർട്ടി റിപ്പോർട്ട്
Party report that Shafi  Parambil will win by more than 40,000 votes

ഷാഫി പറമ്പിൽ 40,000 ത്തിലധികം വോട്ടിനും എം കെ രാഘവൻ 60,000 ത്തിലധികം വോട്ടിനും വിജയിക്കുമെന്ന് കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ ബൂത്ത് തല അവലോകന റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ഇന്ന് ചേരുന്ന കോഴിക്കോട് ഡി.സി.സി നേതൃയോഗത്തിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്. തെരഞ്ഞെടുപ്പിൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കാൻ യോഗം ശുപാർശ ചെയ്തേക്കും.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കോഴിക്കോട് ജില്ലയിലെ 2200 ലധികം ബൂത്ത് തലങ്ങളിൽ നിന്നാണ് ഡിസിസി നേതൃത്വം   കണക്കുകൾ ശേഖരിച്ചത്.

അതിൻ്റെ അടിസ്ഥാനത്തിൽ നാൽപ്പതിനായിരം വോട്ടിനോ അതിനു മുകളിലോ ഭൂരിപക്ഷത്തിന് ഷാഫി പറമ്പിൽ വടകരയിൽ നിന്നും വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. കോഴിക്കോടും ഇത്തവണ കനത്ത പോരാട്ടം നടന്നു എന്ന് തന്നെയാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഭൂരിപക്ഷം കുറയുമെങ്കിലും എം.കെ.രാഘവൻ 60,000 വോട്ടോ അതിലധികമോ നേടി നാലാമത്തെ തവണയും പാർലമെൻ്റി എത്തുമെന്ന്  കോൺഗ്രസിന്റെ ബൂത്ത് തലങ്ങളിലെ കണക്ക് പരിശോധിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇതുൾപ്പെടെയുള്ള കാര്യങ്ങൾ നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടക്കുന്ന കോഴിക്കോട് ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ചർച്ചയാകും. ചേവായൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ജി.സി.പ്രശാന്ത് കുമാർ, ബാങ്ക് ഡയറക്ടറും കെപിസിസി മെമ്പറുമായ വി കെ സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി വിലയിരുത്തൽ ഉണ്ട്.

ഇത്തരം ആളുകൾക്കെതിരെ ശക്തമായ അച്ചടക്കട നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയരും. ഫലത്തിൽ ഇന്നത്തെ ഡിസിസി അവലോകനയോഗം വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കുമുള്ള വേദിയായി തീരും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories