പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാസപ്പടി കേസിൽ ചോദ്യം ചെയ്താലും ഇല്ലെങ്കിലും ഡീൽ എന്ന് പറഞ്ഞ് സതീശൻ അമേദ്യ ജല്പനമാണ് നടത്തുന്നത്. യുഡിഎഫിന്റെ പല ഉന്നത നേതാക്കളും മാസപ്പടി കേസിൽ കൂട്ടുപ്രതികളാണ്. കോൺഗ്രസോ, പ്രതിപക്ഷ നേതാവോ ആരോപണം ഉന്നയിച്ചത് കൊണ്ട് വന്ന കേസല്ല ഇത്.
കേന്ദ്രസർക്കാരിന് കീഴിലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് കൊണ്ട് ഉണ്ടായ കേസാണിത്. തെരഞ്ഞെടുപ്പ് വരുന്നതും വരാത്തതും ഈ കേസിനെ ബാധിക്കില്ല. യഥാർത്ഥ ഡീൽ നടക്കുന്നത് പിണറായിയും വിഡി സതീശനും തമ്മിലാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് ആരോപിച്ചു.
ബാലാവകാശ കമ്മീഷൻ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല
മദ്രസകൾ അടച്ച പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് കെ.സുരേന്ദ്രൻ. കേരളത്തിലെ മദ്റസകൾ പ്രവർത്തിക്കുന്നത് സർക്കാർ സഹായം കൈപ്പറ്റി അല്ല. മറ്റ് സംസ്ഥാനങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കാതെ മദ്റസ വിദ്യാഭ്യാസം മാത്രം മതി എന്ന നിലപാടുണ്ട്. അതില്ലാതെയാക്കാനാണ് ഈ നിർദ്ദേശം. എന്നാൽ കേരളത്തിൽ അങ്ങനെയൊരു സാഹചര്യം ഇല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍
പാലക്കാടും ചേലക്കരയിലും വയനാട്ടിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന് കെ.സുരേന്ദ്രന്‍. നിലവില്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.