കൊച്ചി: മുഴു പട്ടിണിയിലാണെന്നും സർക്കാർ ഇടപെട്ട് ട്രാഫിക് ഹോംഗാർഡിന്‍റെ ജോലി നൽകണമെന്നും പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ രാജേശ്വരി. ആലുവ റൂറൽ എസ്.പിയെ കണ്ടാണ് രാജശ്വരി ഈ ആവശ്യം ഉന്നയിച്ചത്. മകളുടെ പേരില്‍ പിരിച്ച പണം തനിക്ക് നൽകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
റൂറൽ എസ്.പിയെ കണ്ട് മടങ്ങുമ്പോൾ ആലുവ പാലസ് റോഡിൽ ഗതാഗത നിയന്ത്രണം രാജേശ്വരി ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം രണ്ടരമണിക്കൂറുകളോളം അവർ വാഹനഗതാഗതം നിയന്ത്രിച്ചു.
തനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല. മുമ്പ് ഹോം നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആ ജോലിക്ക് ആരും വിളിക്കുന്നില്ലെന്ന് രാജേശ്വരി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലി ശരിയാക്കി നൽകണമെന്നാണ് രാജേശ്വരി ആവശ്യം ഉന്നയിക്കുന്നത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർസ്വദേശിയായ നിയമവിദ്യാർഥിനി കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുള്‍ ഇസ്ലാം കൊലപാതകം നടത്തിയത്. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.