സംസ്ഥാനത്ത് ഞായറാഴ്ച (ജൂൺ 2) രണ്ടുപേർ മുങ്ങിമരിച്ചു. കോഴിക്കോട് ഫറോക്കിൽ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്.പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.കോമൺവെൽത്ത് ഓട്ടുകമ്പനി മുൻ ജീവനക്കാരനായിരുന്നു രാജൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ. മക്കൾ: ഷിജു, സിൽജ, സിജിന. മരുമക്കൾ: സജീഷ് (പുതുക്കഴിപ്പാടം), പ്രവീൺ (കരുവൻതിരുത്തി), ശരണ്യ. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, ശാന്ത, വത്സല, ശോഭന.
മലപ്പുറം പൊന്നാനി മാറഞ്ചേരിയിൽ ചേലക്കടവ് പാടത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു. താമലശ്ശേരി മുട്ടിക്ക ലയിൻ ഇബ്രാഹിമിന്റെ മകൻ റിസാൽ ( 17 )ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ചേലക്കടവ് പാടത്ത് കായലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ റിസാലിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടികളും നാട്ടുകാരും ചേർന്ന് റിസാലിനുവേണ്ടി തിരച്ചിൽ ആരംഭിച്ചു. റിസാലിനെ കണ്ടെത്തി പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.