ബെംഗളൂരു :സാമൂഹിക മാധ്യമങ്ങളിലൂടെ പുരുഷന്‍മാരുമായി അടുത്ത ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബംഗളുരു പൊലീസ് യുവതിയെ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും സംഘവും നടത്തിവന്ന ഹണിട്രാപ്പിന്റെ രീതിയാണിത്.പന്ത്രണ്ടിലധികം പേരെയാണ് സംഘം കബളിപ്പിച്ചത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25–30 പ്രായമുള്ളവരാണ് കൂടുതലും.
12പേരില്‍ നിന്ന് യുവതിയും സംഘവും മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തതായും പൊലിസ് പറയുന്നു.
മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടൻ നേഹ ഇവരോടൊപ്പം സെൽഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകർത്താൻ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോൺ തട്ടിയെടുത്തശേഷം കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ ശേഖരിക്കലാണ് അടുത്ത ഘട്ടം.
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവർക്ക് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തും. യുവതിയെ വിവാഹം കഴിക്കണമെന്നാകും ചിലരോടുള്ള ആവശ്യം. എന്നാൽ ഇതിനായി മതപരിവർത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ മിക്കവരും പണം നൽകി ഒഴിവാകാൻ നോക്കും. ഇരകളിൽ ഒരാള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്.
ഇരകളിൽനിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സംഘത്തിന്റെ വലയിൽ 12 പേർ അകപ്പെട്ടതായി കണ്ടെത്തി. കൂടുതൽ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ബെംഗളൂരു പുട്ടനഹള്ളിയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രധാനപ്രതിയായ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവർ. കൂട്ടുപ്രതികളായ യാസിൻ, പ്രകാശ് ബലിഗര, അബ്ദുൽ ഖാദര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ നദീമിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.