Share this Article
മൃതദേഹത്തിനായി നാലിടത്ത് പൊലീസിന്റെ തിരച്ചില്‍; കണ്ടെത്തിയില്ല; നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍
വെബ് ടീം
posted on 27-07-2023
1 min read
wife arrested in Noushad murder

പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്‌സാന അറസ്റ്റിൽ. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പാണ് അഫ്‌സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിന്റെ മൃതദേഹം കണ്ടെടുക്കാനായില്ല. 

2021 നവംബര്‍ അഞ്ചു മുതലാണ് 34 കാരനായ നൗഷാദിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അഫ്‌സാനയുടെ മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നി പൊലീസ് അടുത്തിടെ നടത്തിയ ചോദ്യം ചെയ്യലാണ് കേസില്‍ നിര്‍ണായകമായത്. 

ഒരുമാസം മുമ്പ് അഫ്സാനയെ ചോദ്യംചെയ്തപ്പോള്‍ നൗഷാദിനെ താന്‍ അടുത്തിടെ നേരിട്ടു കണ്ടെന്ന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് അഫ്സാന പറഞ്ഞ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ അഫ്സാനയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഭര്‍ത്താവിനെ ഒന്നരവര്‍ഷം മുന്‍പ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയത്.

പരുത്തിപ്പാറയില്‍ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ വെച്ച് കൊലപ്പെടുത്തിയെന്നാണ് പറഞ്ഞത്. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് മൊഴി മാറ്റിയ അഫ്‌സാന, വീടിന് സമീപത്തെ സെമിത്തേരിക്ക് സമീപം മൃതദേഹം കുഴിച്ചിട്ടെന്ന് മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് സെമിത്തേരി പരിസരത്ത് രാവിലെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

വീടിനുള്ളിലും വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി മാറ്റിയും പൊലീസ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ അഫ്‌സാനയെ വാടകവീട്ടിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ അടുക്കളയ്ക്ക് പുറത്ത് കുഴിച്ചിട്ടതായി പറഞ്ഞു. അവിടെ ഫോറന്‍സിക് സംഘം അടക്കമെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories