Share this Article
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിയ്ക്കും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
വെബ് ടീം
posted on 10-08-2023
1 min read
PM Modi IN PARLIAMENT

ന്യൂഡല്‍ഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിയ്ക്കുമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി.രാജ്യം ഒന്നിച്ച്  മണിപ്പൂരിനൊപ്പം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കും. വീണ്ടും വികസന വഴിയിൽ മണിപ്പൂർ മടങ്ങി വരും.ഭാരത് മാതാവിനെ കുറിച്ച് പറഞ്ഞ ഭാഷ അപലപനീയം. ഭാരത് മാതാവിനെ കൊല ചെയ്യുന്നുഎന്ന് പറഞ്ഞവർ ആരാണ്.എങ്ങനെയാണ് ഭാരത് മാതാവിന്റെ മൃത്യുവിനെ കുറിച്ചു പറയാനാവുന്നത്.പ്രതിപക്ഷം മണിപ്പൂർ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നു.മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. ഇത് സർക്കാരി‍ന്‍റെ പരീക്ഷണമല്ല, പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024ൽ എൻഡിഎ ചരിത്ര വിജയം നേടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.സഭയില്‍ ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയതെന്നും അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി കുറ്റപ്പെടുത്തി.

പ്രസംഗത്തിനിടയിൽ ഭരണപക്ഷം ‘മോദി, മോദി’ എന്നു പറഞ്ഞ് ഡെസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം ‘ഇന്ത്യ, ഇന്ത്യ’ എന്നും മുദ്രാവാക്യം മുഴക്കി.പ്രസംഗം നീണ്ടുപോയപ്പോൾ, ‘മണിപ്പുരിനെപ്പറ്റി പറയൂ’ എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചു.

കള്ളത്തരത്തിന്റെ മാർക്കറ്റിലെ മോഷണത്തിന്റെ കടയാണ് കോൺഗ്രസ്സെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിപക്ഷം അഴിമതിയുടെ ഗ്യാരന്റിയാണ് നൽകുന്നത്.

പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാള്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാണിച്ചു. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും. 2028ല്‍ പ്രതിപക്ഷം വീണ്ടും തങ്ങള്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.

രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായി. ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോ‍ർഡ് വർധനയുണ്ടായി. ഇന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ എണ്ണം വർധിച്ചു. കയറ്റുമതി പുതിയ റെക്കോർഡുകളിലേക്ക് എത്തി.

നീതി ആയോഗിന്റെ റിപ്പോർട്ടർ അനുസരിച്ച് 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി. സ്വച്ഛഭാരത് അഭയാൻ പദ്ധതിയിലൂടെ മൂന്നുലക്ഷം പേരെ മരണത്തിൽ നിന്ന് രക്ഷിച്ചു. ലോകാരോഗ്യ സംഘടന സ്വച്ഛഭാരതിനെ വാഴ്ത്തി. ജൽ ജീവൻ മിഷനിലൂടെ 4 ലക്ഷം പേരെ രക്ഷിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന് അദ്ദേഹം ലോക്സഭയിൽ വിശദീകരിച്ചു.

പ്രധാനമന്ത്രി പ്രസംഗം തുടരുന്നതിനിടെ സഭയില്‍ നാടകീയ സംഭവങ്ങളും അരങ്ങേറി. പ്രതിപക്ഷത്തിനെതിരേയുള്ള മോദിയുടെ കടന്നാക്രമണത്തെ മോദി മോദി എന്ന് പറഞ്ഞ് ഡെസ്‌ക്കിലടിച്ച് ഭരണപക്ഷം പ്രോത്സാഹിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഇന്ത്യ, ഇന്ത്യ എന്നും മുദ്രാവാക്യം മുഴക്കി. ഇതിന് മറുപടിയായി കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ എന്ന് ഭരണപക്ഷ എംപിമാരും മുദ്രാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതോടെ അംഗങ്ങളോട് നിശബ്ദദ പാലിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു 

ഓഗസ്റ്റ് 11ന് മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ വന്ന് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രമേയം വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് അറിയാമായിരുന്നിട്ടും, മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽവന്നു സംസാരിക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കുന്നതിനാല്‍, ‘വിജയ’മെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

ലോക്‌സഭയിൽ 331 അംഗങ്ങളുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അവിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാണു സാധ്യത. ബിജെപിക്ക് മാത്രം 303 എംപിമാരാണുള്ളത്. ഭൂരിപക്ഷം വേണ്ടത് 272. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് 144 എംപിമാരുണ്ട്. ബിആർഎസിന്റെ 9 വോട്ടുകൾ നേടാനായാൽ അംഗസംഖ്യ 152 ആയി ഉയരും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories