ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവനായി മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീനയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് പുതിയ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയേറിയത്.
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ബംഗഭബാനില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒരുമാസത്തിലേറെ നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഒടുവില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേല്‍ക്കുന്നത്. സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു.
ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യപ്പിറവിയെന്ന് പറഞ്ഞാണ് യൂനുസ് ധാക്കയിലെത്തിയത്. മാറ്റത്തിന്റെ മുഖവുമായാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റത്. രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലാതെയാണ് ഇടക്കാല സര്‍ക്കാറെന്നത് ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥികള്‍, സൈനിക പ്രതിനിധികള്‍,മനുഷ്യാവകാശ,സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരാണ് ഇടക്കാല സര്‍ക്കാരിലുള്ളത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം നയിച്ച നഹിദ് ഇസ്ലാമും സര്‍ക്കാരിലുണ്ട്.
16 അംഗങ്ങളാണ് ഉപദേശകസമിതിയിലുള്ളത്. തൊഴില്‍ നിയമം ലംഘിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട യൂനുസ് അല്ലാതെ മറ്റൊരു പേര് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാനില്ലായിരുന്നു.
ഷെയ്ഖ് ഹസീനയുടെ ഭരണത്തില്‍ രാജ്യത്ത് ബാക്കിയായ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ യൂനുസിനെ പോലെ വൈദഗ്ധ്യമുള്ള സാമ്പത്തിക വിദഗ്ധന്‍ വേണമെന്ന നിലപാടിനൊപ്പം ബംഗ്ലാദേശ് നിലകൊണ്ടു. നിരന്തം ഷെയ്ഖ് ഹസീന വേട്ടയാടിയ യൂനുസ് അവരുടെ പതനത്തെ വിളിച്ചത് രണ്ടാം വിമോചനസമരമെന്നാണ്.
മൈക്രോഫിനാന്‍സിങ് ജനകീയമാക്കി രാജ്യത്തെ ദാരിദ്രം കുറച്ച ഗ്രാമീണ്‍ ബാങ്ക് എന്ന ആശയത്തില്‍ നൊബേല്‍ ജേതാവായ യൂനുസ് കലാപ കലുഷിതമായ ബംഗ്ലാദേശിന്റെ നാളെയാണ്.
ബംഗ്ലാദേശിന്റെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതിനാല്‍ നയതന്ത്രബന്ധം ഉലയാതെകാക്കുകയാണ് ഇന്ത്യ. യുനൂസിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചതും ബംഗ്ലാദേശിനൊപ്പമെന്നാണ്.