ചെന്നൈ: തമിഴ്നാട് കള്ളിക്കുറിശ്ശിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി രംഗത്ത്. സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കുടിച്ചവർക്ക് എന്തിനാണ് 10 ലക്ഷം നൽകുന്നതെന്ന് നടി ചോദിച്ചു. കുടിച്ച് മരിച്ചവർക്ക് പണം നൽകുന്നതാണോ പുതിയ ദ്രാവിഡ മോഡലെന്നും കസ്തൂരി എക്സിൽ കുറിച്ചു.
'10 ലക്ഷം രൂപ. ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ ഈ തുക നല്‍കുന്നത്, അല്ല. തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ്. ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നു.'- എന്നാണ് കസ്തൂരി കുറിച്ചത്.
നിരവധി പേരാണ് കസ്തൂരിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മരിച്ചവർക്കല്ല പണം നൽകുന്നതെന്നും അനാഥരായിപ്പോയ കുടുംബങ്ങൾക്കാണ് എന്നുമാണ് വരുന്ന കമന്റുകൾ. താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അൻപതിനു മുകളിൽ ആയി ഉയർന്നു. 90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.