തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ.സിനിമാ സെറ്റിൽ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക 'കോഡ്' പേരിട്ടാണ് വിളിക്കുന്നതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടൽ മുറികളുടെ വാതിലിൽ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കിൽ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി.
റിപ്പോർട്ടിലെ പേജ് നമ്പർ 55, 56 പേജുകളിൽ കാസ്റ്റിങ് കൗച്ചിനെപ്പറ്റിയാണ് വിശദികരിക്കുന്നത്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നുവെന്നും ജോലികിട്ടാന്‍ ലൈംഗികമായി വഴങ്ങേണ്ട അവസ്ഥയെന്നും നടിമാര്‍ കമ്മിഷന് മുന്നിൽ വെളിപ്പെടുത്തി.
'പേടി കാരണം തൊഴിലിന് രക്ഷിതാക്കൾ ഒപ്പം പോവേണ്ട അവസ്ഥയാണ്. തൊഴിലിടത്ത് തനിച്ച് താമസിക്കുന്നത് സുരക്ഷിതമല്ല.
മദ്യപിച്ചെത്തിയവര്‍ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. വാതിൽ പൊളിഞ്ഞ് വീഴുമെന്ന് പോലും ആശങ്കപ്പെട്ടാണ് റൂമിൽ ഭയത്തോടെ കഴിഞ്ഞത്. തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കും. പല അവസരങ്ങളിലും പുരുഷന്മാർ ബലം പ്രയോഗിച്ച് മുറിയിലേക്ക് കടക്കുമെന്ന് വരെ തോന്നിയിട്ടുണ്ട്'.
ഒരു അധ്യാപികയ്ക്കോ, എഞ്ചിനീയർക്കോ ഡോക്ടർക്കോ മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കോ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. അവർ ജോലിക്ക് പോകുമ്പോൾ മാതാപിതാക്കളെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോകേണ്ടതില്ല. അവർക്ക് സുരക്ഷിതമായി ഓഫീസിലേക്ക് പോകാം. പക്ഷേ, തീർത്തും വ്യത്യസ്തമായ അവസ്ഥയാണ് മലയാള സിനിമയിൽ നിലനിൽക്കുന്നത്. തൊഴിലിന് പകരം ശരീരം നൽകണം എന്ന ഡിമാന്റ് മൂലം സ്ത്രീകൾ ഒറ്റയ്ക്ക് ജോലിക്ക് പോകാൻ ഭയപ്പെടുകയാണ്'. സിനിമയിലെ സ്ത്രീകൾ സാധാരണ പൊലീസിനെ സമീപിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.