രാജ്യത്ത് അഞ്ച് ഭാഷകള്‍ കൂടി ശ്രേഷ്ഠഭാഷാ പദവിയിലേക്ക്. മറാത്തി, ബെംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകള്‍ക്കാണ് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചത്.
ഭാഷാ വൈവിധ്യത്താല്‍ അടയാളപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. 2001ലെ സെന്‍സസ് പ്രകാരം 1599 ഭാഷകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 122 പ്രധാനഭാഷകളെന്ന ഗണത്തിലാണ്. 270 ഓളം ഭാഷകള്‍ മാതൃഭാഷകളും.
എന്നാലിന്നുവരെ ആറുഭാഷകള്‍ക്കാണ് രാജ്യത്ത് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ളത്. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ,മലയാളം, ഒഡിയ ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടുള്ളത്. ഈ ലിസ്റ്റിലേക്ക് അഞ്ച് ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇതോടെ ശ്രേഷ്ഠഭാഷാ പദവിയില്‍ ഭാഷകള്‍ പതിനൊന്നാകും. 2014ന് ഒഡിയ ഭാഷയ്ക്കാണ് എറ്റവുമൊടുവില്‍ ശ്രഷ്ഠഭാഷ പദവി ലഭിട്ടത്. ഏറെക്കാലമായുള്ള ആവശ്യത്തിനൊടുവിലാണ് മറാത്തി ബംഗാളി, പാലി, പ്രാകൃത്, അസമീസ ഭാഷകള്‍ ക്ലാസിക്കല്‍ പദവിയിലേക്കെത്തുന്നത്.
മറാത്തി,ബംഗാളി,അസമീസ് ഭാഷകള്‍ രാജ്യത്ത് വ്യാപകമായി സംസാരിക്കുന്നുണ്ടെങ്കിലും പാലിയും പ്രാകൃതും അത്ര പരിചിതമല്ല. ബുദ്ധന്‍ സംസാരിച്ചിരുന്ന ഭാഷയാണ് പാലി. ബിസിഇ മൂന്നൂറിനും സിഇ 800 നും ഇടയില്‍ സംസാരിച്ചിരുന്ന ഇന്‍ഡോ ആര്യന്‍ ഭാഷയാണ് പ്രാകൃത്.
ബീഹാര്‍,ജാര്‍ഖണ്ഡ്,പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മഗധി പ്രാകൃത് ഉപയോഗിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ കാലത്ത് ഒരു ഭാഷയ്ക്കും ശ്രേഷ്ഠഭാഷാ പദവി നല്‍കിയിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അഞ്ച് ഭാഷകളെ ശ്രേഷ്ഠപദവിയിലേക്ക് ഉയര്‍ത്തിയത്.