മുംബൈ:ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുന്നൂറ് സീറ്റിലേക്ക് ലീഡ് ഉയര്‍ത്തി മഹായുതി സഖ്യം. സംസ്ഥാനത്ത് ഇതുവരെ ഒരു സഖ്യവും 200 സീറ്റ് കടന്നിട്ടില്ല. 288 സീറ്റില്‍ 216ലും മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്. 59 സീറ്റില്‍ മഹാ വികാസ് അഘാഡി മുന്നിട്ടു നില്‍ക്കുന്നു. പതിമൂന്നിടത്ത് മറ്റുപാര്‍ട്ടികള്‍ക്ക് ലീഡുണ്ട്. അതേസമയം മഹായുതി സഖ്യത്തിനുള്ളില്‍ തന്നെ ബിജെപിയാണ് മുന്നില്‍. മല്‍സരിച്ച 149 സീറ്റുകളിൽ 113ലും ബിജെപി ലീഡ് ചെയ്യുകയാണ്.
ജാർഖണ്ഡിൽ 81 മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണി 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 145 സീറ്റുകളാണ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ വെടിയേറ്റ് മരിച്ച മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകന്‍ സീഷൻ സിദ്ദിഖി എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും മല്‍സരിക്കുന്നുണ്ട്.