ക്ഷീര സാന്ത്വനം പദ്ധതി മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട കേരള വിഷന്‍ ന്യൂസ് വാര്‍ത്തയില്‍ പ്രതികരണവുമായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര സാന്ത്വനം പദ്ധതി തുടരുമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്‍കൈ എടുത്ത് മില്‍മ, ക്ഷേമനിധി ബോര്‍ഡ് ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
നിരവധി നാളത്തെ നിലവിളികൾക്കൊടുവിലാണ് സംസ്ഥാനത്ത് രോഗികളാവുന്ന ക്ഷീരകർഷകർക്ക് ചികിത്സാ സഹായത്തിനായി ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തിയത്. ക്ഷീര വികസന വകുപ്പും മിൽമയും ചേർന്ന് 2800 രൂപ പ്രീമിയം അടച്ച് രണ്ട് ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കുന്നതായിരുന്നു ക്ഷീര സാന്ത്വനം എന്ന പേരിൽ നിലവിലുണ്ടായിരുന്ന പദ്ധതി. ക്ഷീരകർഷകന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷീര കർഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു. പുതിയ പദ്ധതി വരുമെന്ന് വാർത്ത പ്രചരിപ്പിച്ച് മുന്നറിയിപ്പില്ലാതെ 2023 മാർച്ച് 31-ന് പദ്ധതി നിർത്തലാക്കി.
ക്ഷീര സാന്ത്വനം പദ്ധതി തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വയനാട്ടിലെ ഇരുപതിനായിരത്തിലധികം പേര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ലക്ഷകണക്കിന് കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക