കാര്‍ സ്വിമ്മിങ് പൂളാക്കിയ കേസില്‍ യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി.
ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂട്യൂബര്‍ സഞ്ചു ടെക്കി തന്റെ സഫാരി കാര്‍ സഞ്ചരിക്കുന്ന പൂള്‍ ആക്കി മാറ്റിയ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.മൂന്നു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
നാഷണല്‍ ഹൈവേ അടക്കം റോഡുകളില്‍ കൂടിയാണ് യൂട്യൂബറും സുഹൃത്തുക്കളും വണ്ടിയില്‍ യാത്ര ചെയ്തത്. ഇതിനിടെ കാറിലെ വെള്ളത്തിന് മര്‍ദ്ദം കൂടിയതുകൊണ്ട് എയര്‍ബാഗ് പുറത്തു വരികയും തുടര്‍ന്ന് ബാക്ക്‌ഡോര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നതും വീഡിയോയില്‍ കാണാം.
വാഹനം പിടിച്ചെടുത്ത ആര്‍.ടി.ഓ ഡ്രൈവറുടെയും വാഹനം ഉടമസ്ഥന്റെയും ലൈസന്‍സ് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനത്തില്‍ വെള്ളം നിറച്ച് യാത്ര ചെയ്തു, വാഹനം സ്വിമ്മിങ് പൂളാക്കി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്ലോഡ് ചെയ്തു, വെള്ളം പൊതുനിരത്തിലേക്ക് ഒഴുക്കിയിട്ടു എന്നിവയാണ് ആര്‍ടിഒ പറയുന്ന വിശദീകരണം. എന്നാല്‍ മത്സരം കൂടി വരുന്നതുകൊണ്ട് യൂട്യൂബില്‍ കൂടുതല്‍ അറിയിച്ചു കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് സഞ്ജു പറയുന്നു.