പാലക്കാട്:പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ടുള്ള തീവണ്ടിയാത്ര പ്രത്യേകിച്ച് പച്ചപ്പ് നിറഞ്ഞ തേക്കിൻകാടുകൾക്കു നടുവിലൂടെ കൂകിപ്പായുന്ന തീവണ്ടി ഇനിയുണ്ടാവില്ല. ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ മാത്രമുള്ള പ്രത്യേകതയാണ് വൈദ്യുതീകരണഭാഗമായി പാളങ്ങൾക്ക് ഇരുവശത്തുമുള്ള മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്നതോടെ നഷ്ടമാകാൻ പോകുന്നത്. 5,000 മരങ്ങളാണ് പൂർണമായി മുറിക്കുകയോ വലിയ ശാഖകൾ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
ഡീസൽ തീവണ്ടി മാത്രമാണ് ഷൊർണൂർ-നിലമ്പൂർ പാതയിലൂടെ ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രാസമയം കുറയ്ക്കാമെന്നതും പാതയിൽ റെയിൽവേയ്ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കാമെന്നതും വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഡീസൽ മാറ്റി വൈദ്യുതിയിലായാൽ 40 ശതമാനത്തോളം ഇന്ധനയിനത്തിലുള്ള ചിലവ് കുറയ്ക്കാനാകും. സ്ഥിരം യാത്രക്കാരുള്ള പാതയിൽ മെമു ഉൾപ്പെടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോൾ എഴു തീവണ്ടികളാണ് പാതയിൽ ഓടുന്നത്.
ഒപ്പം മൈസൂർ-നഞ്ചങ്കോട് പാത സജീവ പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂർത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യും. മരങ്ങൾ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയിൽവേക്ക് മറ്റു മാർഗങ്ങളില്ല.
മരങ്ങൾ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
റെയിൽവേ അടക്കം നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന മരങ്ങളും മുറിച്ചുനീക്കുന്നവയിൽ ഉൾപ്പെടുന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ്റെ ഭംഗി നഷ്ടമാകുന്നത് യാത്രക്കാരെ നിരാശയിലാക്കിയിട്ടുണ്ട്. ഈ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ നിലവിൽ റെയിൽവേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂർത്തിയായശേഷമേ അത്തരം കാര്യങ്ങൾ ആലോചിക്കൂവെന്ന് റെയിൽവേ അധികൃതർ പറയുന്നു.
2024 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ് ഗേജ് പാതകളിൽ ഒന്നാണ് ഷൊർണൂർ - നിലമ്പൂർ പാത. കേരളത്തിലെ ആദ്യത്തെ റെയിൽപാതകളിൽ ഒന്നുകൂടിയാണ്. 66 കിലോമീറ്ററാണ് നീളം. ആകെ 12 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ഷൊർണൂർ - നിലമ്പൂർ പാത വയനാട്ടിലെ സുൽത്താൻ ബത്തേരി വഴി കർണാടകത്തിലെ നഞ്ചൻകോട്ടേക്ക് നീട്ടാൻ റെയിൽവേക്ക് പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച അംഗീകാരം റെയിൽവേ 2016ൽ നൽകിയിരുന്നു. തുടർനടപടികൾ മുന്നോട്ടുപോകുകയാണ്.