കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. ഫാന്റം പൈലി എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ജെയ്കിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു ദിവസം മുമ്പാണ് ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. കോട്ടയം എസ്പി പരാതി മണര്‍കാട് പൊലീസിന് കൈമാറുകയായിരുന്നു. ഫാന്റം പൈലി എന്ന പേരിലുള്ള പേജില്‍ നിന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു എന്നാണ് ഗീതു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഫ്ബി പേജിന് പിന്നിലുള്ളത്. 'ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടു വോട്ട് പിടിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. ഒമ്പതുമാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണമെന്നും ഗീതു തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.