നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത്, പ്രത്യേക അനുമതി ഹര്‍ജിയാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമസെക്രട്ടറിയുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 2022 നവംബറില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടിക്കെതിരെയാണ് ഹര്‍ജി. നിയമസഭ പാസ്സാക്കിയ എട്ടുബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ട് ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നീക്കമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.