ഇന്ന് ആഗസ്റ്റ് 15. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായ സുദിനം. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാകയായ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നു പറന്നപ്പോള്‍ അത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ചതിന്റെ അടയാളം മാത്രമായിരുന്നില്ല, ഒരു സ്വപ്ന യുഗത്തിന്റെ ആരംഭം കൂടിയായിരുന്നു.
അതിന്, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര നേതാക്കളുടെയും സേനാനികളുടെയും വര്‍ഷങ്ങളോളം നീണ്ട ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും പോരാട്ടവീര്യം കലര്‍ന്ന മാധുര്യവും ഉണ്ട്.
സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടത് 1930 ജനുവരി 26-ന്. ഈ തീയതി പിന്നീട് റിപ്പബ്ലിക് ദിനമായി മാറി. 1947 ജൂലൈ 18 ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പാസാക്കി.
അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം ഒരു ചരിത്ര രേഖയായി മാറുമ്പോള്‍ അതിന് ജീവനും ജീവിതവും സമര്‍പ്പിച്ചത് എണ്ണിയാലൊടുങ്ങാത്ത ദേശ സ്‌നേഹികള്‍. രാജ്യത്തുടനീളം ഈ ദിവസം ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഏറ്റവും വലിയ ഉത്സവമാക്കുകയാണ് ഭാരത മക്കള്‍.
സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി രാജ്യവും അതിന്റെ പൗരന്‍മാരും ഈ ദിനത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ,അതില്‍ പ്രതിഫലിക്കുക നാടിന്റെ പുരോഗതിയും ലക്ഷ്യങ്ങളും തന്നെ.
ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ പൗരന്‍മാരെ പ്രേരിപ്പിക്കുകയാണ് ഓരോ സ്വാതന്ത്ര്യ ദിനവും.