Share this Article
'വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണുണ്ടായത്'; നടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി തൃശൂര്‍ സ്വദേശി
വെബ് ടീം
posted on 11-10-2023
1 min read
anticipatory bail sought in the court on the complaint of the actress

കൊച്ചി: യുവനടി ദിവ്യപ്രഭയുടെ പരാതിയില്‍, ആരോപണ വിധേയന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ സ്വദേശി ആന്റോയാണ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. 

വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് ഉണ്ടായത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താന്‍ യാത്ര ചെയ്തത്. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ, എയര്‍ഹോസ്റ്റസുമാര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയും, നടിക്ക് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തതാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ പറയുന്നു. 

മറ്റൊരു തരത്തിലും അപമര്യാദയായി പെരുമാറിയിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരാതി വന്നതെന്നറിയില്ല. വിമാനം മുംബൈയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പാണ് സീറ്റിനെച്ചൊല്ലി തര്‍ക്കം ഉണ്ടായത്. അതുകൊണ്ടുതന്നെ നെടുമ്പാശ്ശേരി പൊലീസിന്റെ അധികാരപരിധിയില്‍ അല്ല സംഭവം നടന്നത്. അതിനാല്‍ നെടുമ്പാശ്ശേരി പൊലീസിന് കേസെടുക്കാനാകില്ലെന്നും ആന്റോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും, അതുവരെ അറസ്റ്റ് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് സഹയാത്രക്കാരന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നാണ് നടി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. 

ഇയാള്‍ മദ്യപിച്ചിരുന്നതായും, തട്ടിക്കയറി സംസാരിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും നടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആന്റോയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories