രാജ്യത്ത് മൂന്ന് മാസത്തിനിടെ സൂര്യാഘാതമേറ്റ് മരിച്ചത് 56 പേരെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 24,849 സൂര്യാഘാത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മെയ് മാസത്തില്‍ മാത്രം മരിച്ചത് 46 പേരാണ്. മധ്യപ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്-16 എണ്ണം. 11 പേര്‍ മരിച്ച മഹാരാഷ്ട്രയാണ് രണ്ടാമത്. ബാക്കി സംസ്ഥാനങ്ങളിലെല്ലാം പത്തില്‍ താഴെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നാഷണല്‍ ഹീറ്റ് റിലേറ്റഡ് ഇല്‍നെസ് ആന്‍ഡ് ഡെത്ത്സ് സര്‍വൈലന്‍സ് പരിപാടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 24,849 സൂര്യാഘാത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 19,189 കേസുകളും മേയ് മാസത്തിലാണ്.
മധ്യപ്രദേശിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6584 പേര്‍ക്കാണ് ഇവിടെ സൂര്യാഘാതമേറ്റത്. രാജസ്ഥാനില്‍ 4357, ആന്ധ്രപ്രദേശില്‍ 3239,ഛത്തീസ്ഗഡില്‍ 2418, ജാര്‍ഖണ്ഡില്‍ 2077, ഒഡീഷയില്‍ 1998 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.