Share this Article
image
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സഹായം; 1,031 പേരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി
വെബ് ടീം
posted on 02-07-2024
1 min read
treatment-assistance-for-endosulfan-sufferers-eligible-people-will-be-included

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തും. മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിക്കും.20,808 പേരുടെ ഫീല്‍ഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കല്‍ പരിശോധനയും മൂന്നാം ഘട്ട മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂര്‍ത്തീകരിക്കും.

2011 ഒക്ടോബര്‍ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിചരണവും പരിപാലനവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ തുടരാന്‍ ആവശ്യമായ തുക നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. അത് കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി നല്‍കും. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീര്‍ക്കും. ഈ തുക നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുന്‍ഗണനാടിസ്ഥാനത്തില്‍ തുക നല്‍കാനും തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories