ജെസ്‌നാ തിരോധാനത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരി. ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ലോഡ്ജില്‍ കണ്ടതായാണ് വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ചിനെ ഇക്കാര്യം അറിയിച്ചെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറയുന്നു. എന്നാല്‍ ആരോപണം തള്ളി ലോഡ്ജ് ഉടമ രംഗത്തെത്തി
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായാണ് ലോഡ്ജിലെ മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജസ്‌ന ഒരു യുവാവിനൊപ്പം മുറിയെടുത്തിരുന്നെന്നും നാല് മണിക്കൂറിന് ശേഷം ഇറങ്ങിപ്പോയെന്നും ജീവനക്കാരി പറയുന്നു. ജസ്‌നയെ അവസാനമായി കണ്ടെന്ന് കരുതുന്ന മുണ്ടക്കയത്തെ തുണിക്കടയ്ക്ക് സമീപത്തായാണ് ഈ ലോഡ്ജ്.
പല്ലിന് കമ്പിയിട്ട വെളുത്തുമെലിഞ്ഞ പെണ്‍കുട്ടിയേയാണ് കണ്ടതെന്നും പത്രത്തില്‍ പടം വന്നതിനാലാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞു. പരീക്ഷ എഴുതാന്‍ പോവുകയാണെന്നും കൂട്ടുകാരനായി കാത്തിരിക്കുകയാണെന്നും ജസ്‌ന പറഞ്ഞതായും ജീവനക്കാരി പറയുന്നു.
ലോഡ്ജില്‍ 102 ആം നമ്പര്‍ മുറിയെടുത്ത ഇരുവരെയും ഒരു തവണമാത്രമാണ് കണ്ടത്. സിബിഐ തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നതായും ലോഡ്ജിലെ മുന്‍ജീവനക്കാരി പറഞ്ഞു. തനിക്ക് ഭീഷണിയുള്ളതായും അവര്‍ പറയുന്നു.
എന്നാല്‍ മുന്‍ ജീവനക്കാരിയുടെ ആരോപണങ്ങള്‍ തള്ളി ലോഡ്ജ് ഉടമ രംഗത്തെത്തി. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണം.
ജസ്‌നയോട് രൂപസാദൃശ്യമുള്ള ആരും ലോഡ്ജില്‍ വന്നിട്ടില്ല. ടൗണിലുള്ളവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്തതെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
2018 മാര്‍ച്ച് 22മുതലാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്.
എരുമേലി വരെ എത്തിയ ജസ്‌നയെ പിന്നീട് ആരും കണ്ടിട്ടില്ല. അന്വേഷണ സംഘത്തെ വലച്ച അപൂര്‍വമായ തിരോധാനകേസ് ഇന്നും തെളിയാതെ നില്‍ക്കുകയാണ്.