ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നോ സൂപർ ജയന്‍റ്സും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്നത് കനത്ത വാക്കേറ്റം. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും സൂപർ ജയന്‍റ്സിന്‍റെ മെന്‍റർ ഗൗതം ഗംഭീറും തമ്മിലായിരുന്നു വാഗ്വാദം. ഇരുവർക്കും ഇന്നലത്തെ മാച്ച് ഫീ മുഴുവനായി പിഴയിട്ടു.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് 18 റൺസിന് ജയിച്ചിരുന്നു. മത്സരം കഴിഞ്ഞ് ഇരുടീമിലെയും താരങ്ങൾ പരസ്പരം കൈകൊടുക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കനത്ത മുഖത്തോടെ ഗൗതം ഗംഭീർ കോഹ്ലിക്ക് കൈകൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോഹ്ലി മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ഗംഭീർ വിടാതെയെത്തി തർക്കം തുടർന്നു. മുഖാമുഖം വന്ന് സംസാരിച്ച ഇരുവരെയും സഹതാരങ്ങൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.