ഇടുക്കി:ഇന്നലെ കുമളിയിൽ എത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പരത്തി. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. ഈ ാെരു മണിക്കൂറിനിടെ അരിക്കൊമ്പൻ ഏത് ദിശയിലെത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നു. എന്നാൽ അരിക്കൊമ്പനെ കണ്ടെത്താൻ പലപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല.