ചെറുതും വലുതുമായ വിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം വിമാനത്താവളങ്ങളിൽ പറന്ന് ഉയർന്നുടനെയും അല്ലാതെയും തിരിച്ചിറങ്ങാറുണ്ട്. ഇത് പക്ഷെ ക്രാഷ് ലാൻഡ് ചെയ്തത് റോഡിലാണ്. യുകെയിലെ ഗ്ലൗസെസ്റ്റർഷയർ വിമാനത്താവളത്തിന് സമീപം എ40 ഗോൾഡൻ വാലി ബൈപ്പാസ് റോഡിലേയ്ക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. റോഡിന് കുറുകെ ഇരുവശത്തു നിന്നും വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധമായിരുന്നു വിമാനം ക്രാഷ് ലാൻഡ് ചെയ്‌തത്.
ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം അറിഞ്ഞ ഉടൻ പൊലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി വിമാനം നീക്കിയ ശേഷം എട്ട് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ മറ്റ് വാഹനങ്ങൾക്കോ ആളുകൾക്കോ പരിക്കില്ല.