തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. സംഗമം ജൂലൈ 29ന് തിരുവനന്തപുരത്താണ് നടക്കുക. ബഹുസ്വരതാ സംഗമം ജില്ലകളിലേക്കും താലൂക്കുകളിലേക്കും ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കന്മാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ല. പ്രതിഷേധത്തിൽ എല്ലാ മതനേതാക്കളേയും പങ്കെടുപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
സർക്കാരിനെതിരായ ഗുരുതരമായ ആരോപണം യുഡിഎഫ് ഉന്നയിച്ചത് അവിടെത്തന്നെ നിൽക്കുകയാണ്. മുഖ്യമന്ത്രി 150 ദിവസമായിട്ട് മാധ്യമങ്ങളെ കണ്ടിട്ടില്ല. സർക്കാരിന്റെ വീഴ്ചകൾ ദിനേനെ വർധിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. പനിയിൽ കേരളം വിറച്ച് നിൽക്കുമ്പോൾ കണക്കുകൾ പുറത്തുവിടേണ്ട എന്ന സമീപനമാണ് സർക്കാരിനെന്ന് സതീശൻ കുറ്റപ്പെടുത്തി.
നെല്ല് സംഭരിച്ചതിന്റെ ആയിരം കോടി രൂപ കർഷകർക്ക് കൊടുക്കാനുണ്ട്. നാളികേര കർഷകരുടെ സ്ഥിതി ഗുരുതരമാണ്. റബ്ബർ കർഷകരുൾപ്പെടെ എല്ലാ കാർഷിക മേഖലകളും തകർച്ച നേരിടുന്നു. തെരുവ് നായകൾ കുഞ്ഞുങ്ങളെ വരെ കൊല്ലുന്നു. തെരുവ് നായ ശല്യം വ്യാപകമായിട്ടും തദ്ദേശ സ്വയംഭരണ വകുപ്പിന് ഒന്നും ചെയ്യാനില്ല. ഒരു നിർദ്ദേശവും മുന്നോട്ട് വെക്കുന്നില്ല. റേഷൻ വിതരണം സ്തംഭിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ സമരവേദിയാക്കും. സർക്കാർ വീഴ്ചയ്ക്കെതിരെ കാൽനട പ്രചരണ ജാഥ നടത്താനാണ് കോൺഗ്രസ് തീരുമാനം. പഞ്ചായത്ത് തലത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും സതീശൻ അറിയിച്ചു.