തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ആദ്യമായി നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ത്തത്. ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പന്ത്രണ്ടുകാരിയ്ക്ക് ഹൃദയം മാറ്റിവെച്ചത്.
സര്‍ക്കാര്‍ മേഖലയില്‍ ഹൃദയ മാറ്റം നടക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.
12 വയസുള്ള തൃശൂര്‍ സ്വദേശിയായ അനുഷ്‌ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാലിയ എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അധ്യാപിക ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്.