18 സീറ്റുകളില്‍ ജയിച്ച് യുഡിഎഫും ഓരോ സീറ്റുകളില്‍ വീതം ജയിച്ച് എല്‍ഡിഎഫ്, എന്‍ഡിഎ പ്രതിനിധികളും പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ ചാര്‍ച്ചയാകുന്നത് ഓരോ മുന്നണികള്‍ക്കും ലഭിച്ച വോട്ടിംഗ് ശതമാനം കൂടിയാണ്. യുഡിഎഫ് 42.3 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 33.34 ശതമാനം വോട്ടാണ്. എന്‍ഡിഎ 16.8 ശതമാനം വോട്ട് സ്വന്തമാക്കി.
നരേന്ദ്ര മോദി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ മത്സരത്തോടെ പ്രചാരണത്തിന് ഇറങ്ങിയ വാശിയേറിയ തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണത്തേത്. എന്നാല്‍ 2019നേക്കാള്‍ കുറവ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2019ല്‍ 77.84 ആയിരുന്നു പോളിംഗ്. ഇത്തവണ അത് 70.35 ആയി കുറഞ്ഞു.
2019ല്‍ യുഡിഎഫിന് 47.48 ശതമാനവും എല്‍ഡിഎഫിന് 36.29 ശതമാനവും വോട്ടാണ് ലഭിച്ചത്. എന്നാല്‍ യുഡിഎഫിന് ലഭിച്ചത് 42.30 ശതമാനവും എല്‍ഡിഎഫിന് 33.34 ശതമാനം വോട്ടുമാണ്. ഇരുമുന്നണികള്‍ക്കും ഇത്തവണ വോട്ട് കുറഞ്ഞു.
അതേസമയം 2019ല്‍ 15.64 % വോട്ട് നേടിയ എന്‍ഡിഎക്ക് ഇത്തവണ 16.80 % വോട്ട് ലഭിച്ചു. എന്‍ഡിഎക്ക് മാത്രമാണ് 2024ല്‍ വോട്ട് വര്‍ധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പുല്‍കുന്ന മലയാളികള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ചേര്‍ത്തുപിടിക്കുന്നത് കേരളം കണ്ടതാണ്.
അതിനുള്ള തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. ലോക്‌സഭയില്‍ 47 ശതമാനത്തിലധികം വോട്ട് ലഭിച്ച യുഡിഎഫിന് നിയമസഭയില്‍ 39.87 ശതമാനം വോട്ടാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ലോക്‌സഭയില്‍ 36. 29 വോട്ട് ലഭിച്ച എല്‍ഡിഎഫിന് 45.43 വോട്ട് നേടാന്‍ കഴിഞ്ഞു. ഈ കണക്കുകളിലെ കളികളാണ് ഇരു മുന്നണികളുടേയും തലപുകയ്ക്കുന്നത്.