ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടി. ഇടതു കോട്ടകളിൽ വലിയ പരാജയമറ്റു വാങ്ങിയതിനൊപ്പം ബിജെപി അക്കൗണ്ടു തുറന്നതും മുന്നണിക്കും സിപിഎമ്മിനും വലിയ വെല്ലുവിളിയാണ്. സിഎഎ വിരുദ്ധ സമരം, നവകേരള സദസ് എന്നിവയും ജനങ്ങൾ തള്ളിക്കളഞ്ഞതായാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് തോൽവി ഇടതു മുന്നണിക്ക് വലിയ തിരിച്ചടിയായി. കേരളത്തിൽ യുഡിഎഫിന് അനുകൂലമാകുന്ന തെരഞ്ഞെടുപ്പായിരുന്നു 2024ലേത്. വോട്ടെടുപ്പിനു ശേഷം ബൂത്തു കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ പരിശോധിച്ചുറപ്പിച്ച കണക്കു പ്രകാരം 8 വരെ സീറ്റ് എൽഡിഎഫ് ഉറപ്പിച്ചതാണ്.അതോടൊപ്പം ഇത്തവണയും കേരളത്തിൽ താമര വിരിയില്ലെന്നും സിപിഎം ആത്മവിശ്വാസം കാട്ടിയിരുന്നു.
എന്നാൽ വോട്ടെണ്ണിയപ്പോൾ മുന്നണിയുടെയും സർക്കാരിന്റെയും കണക്കുകൂട്ടലുകൾ തെറ്റി. ആലത്തൂരിലെ ഒരു സീറ്റ് കൊണ്ട് മാത്രം ആശ്വസിക്കേണ്ടിവന്നു. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നതും ചെറിയ കാര്യമായി പരിഗണിക്കാനാകില്ല. അതോടൊപ്പം ജനകീയ മുഖമുള്ള കെ കെ ശൈലജ വടകരയിൽ തോൽവിയറിഞ്ഞതും തിരിച്ചടിയായി. കണ്ണൂരിൽ സുധാകരന്റെ ലീഡ് നില ഉയർത്തിയതിലും സിപിഎം അടക്കം ഗൗരവമായി കാണേണ്ട മറ്റൊരു കാര്യമാണ്.
സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ കോൺഗ്രസ് വോട്ടുകൾ വർദ്ധിക്കുമെന്നതും പ്രധാന വിഷയമായി മാറുകയാണ്. പൗരത്വ ദേദഗതി നിയമത്തിനെതിരായ സമരം ഏറ്റെടുത്തതും പ്രചരണം വ്യാപകമാക്കിയതും സിപിഎമ്മും ഇടതുസർക്കാരുമാണ്.
എന്നാൽ ഇതുകൊണ്ടൊന്നും ന്യൂനപക്ഷ വോട്ടുകൾ കൂടെ നിർത്താനായില്ലെന്നും തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്ക് കാരണം ഭരണവിരുദ്ധവികാരമാണോ എന്നത് സിപിഎം പ്രെത്യേകം നോക്കി കാണേണ്ടതുണ്ട്.