കൊച്ചി: തീർത്ഥാടനകാലത്ത് ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പന്‍മാരെ അറിയിക്കാന്‍ അനൗണ്‍സ്‌മെന്റ് നടത്തണമെന്നും കോടതി നിര്‍ദേശം.
പതിനെട്ടാം പടിയില്‍നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകര്‍ത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. ദേവസ്വംബോര്‍ഡ് അനുമതി നല്‍കുന്നവര്‍ക്ക് ചടങ്ങുകള്‍ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.ശബരിമലയില്‍ വ്‌ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പതിനെട്ടാം പടിയിൽ പൊലീസുകാർ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓര്‍ഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരായി.