മുംബൈ: നിത്യേനെ മത്സ്യം കഴിച്ചാല്‍ ഐശ്വര്യ റായിയുടേത് പോലെ കണ്ണുകള്‍ മനോഹരമാകുമെന്ന് മഹാരാഷ്ട്ര ബിജെപി മന്ത്രി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രി വിജയ്കുമാര്‍ ഗാവിറ്റിന്റെ പരാമര്‍ശം.
'ദിവസേനെ മത്സ്യം കഴിക്കുന്ന ആളുകളുടെ ചര്‍മ്മം മിനുസമുള്ളതാകും, കണ്ണുകള്‍ തിളക്കമാര്‍ന്നതും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍ ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും''- മന്ത്രി പറഞ്ഞു.
ഐശ്വര്യറായ് മംഗളൂരുവിലെ ഒരു കടല്‍ത്തീരത്താണ് താമസിച്ചിരുന്നത്. അവര്‍ ദിവസവും മത്സ്യം കഴിക്കുമായിരുന്നു. നിങ്ങള്‍ അവളുടെ കണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. നിങ്ങള്‍ക്കും അതുപോലെ മനോഹരമായ കണ്ണുകള്‍ ഉണ്ടാകും. മത്സ്യത്തില്‍ എണ്ണകള്‍ അടങ്ങിയതിനാലാണ് അത് നിങ്ങളുടെ ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരം നിസാരമായ കാര്യങ്ങള്‍ക്ക് പകരം മന്ത്രി ആദിവാസി ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു.