Share this Article
image
'ബാക്കി 50 പൈസ തിരികെ നല്‍കിയില്ല';തപാല്‍ വകുപ്പിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
വെബ് ടീം
posted on 23-10-2024
1 min read
postal department

ചെന്നൈ: ഉപയോക്താവിന് 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തപാല്‍ വകുപ്പിനു നിര്‍ദേശം നല്‍കി.

2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നുവെന്ന് പരാതിക്കാരിയായ എ മാനഷ പറഞ്ഞു. യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നും കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപഭോക്താവില്‍ നിന്ന് ഡിജിറ്റല്‍ മോഡ് വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഇയാളില്‍ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നുവെന്നുമാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം. കൂടാതെ അധികമായി വന്ന 50 പൈസ 'ഇന്‍കോര്‍പ്പറേറ്റഡ് പോസ്റ്റല്‍ സോഫ്റ്റ്‌വെയറില്‍' ഓട്ടോമാറ്റിക്കായി റൗണ്ട് ഓഫ് ചെയ്യുകയും തപാല്‍ അക്കൗണ്ടുകളില്‍ കൃത്യമായി അക്കൗണ്ട് ചെയ്യുകയും ചെയ്തുവെന്നും പറഞ്ഞു.

എന്നാല്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്ന് ഉപഭോക്തൃ പാനല്‍ നിരീക്ഷിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories