മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന് വേണ്ടി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തില്‍ വിവാദം തുടരുന്നു. കിഫ്ബി നിശ്ചയിച്ച അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കള്ളപ്രചാരണത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു.
2020 ല്‍ താന്‍ മന്ത്രിയാകുന്നതിന് മുന്‍പാണ് റോഡ് നിര്‍മ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കിയത്. നിശ്ചയിച്ച അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം കാണിച്ചിട്ടും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.
അതേസമയം റോഡിനോട് ചേര്‍ന്ന് എതിര്‍വശത്തുള്ള കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളതെന്ന് വീണ ആരോപിച്ചു. തന്റെ കുടുംബത്തിന്റേത് ഉള്‍പ്പെടെ റോഡിനോട് ചേര്‍ന്ന വസ്തുക്കളെല്ലാം തന്നെ അളന്ന്, പുറമ്പോക്ക് ഉണ്ടെങ്കില്‍ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യമുയര്‍ത്തി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതായും മന്ത്രി പോസ്റ്റില്‍ സൂചിപ്പിച്ചു.