മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അത്തരമൊരു വിജ്ഞാപനം പുറത്തുവന്നാല്‍ വയനാടിന്റെ അതിജീവനം കുറച്ചുകൂടി എളുപ്പത്തില്‍ സാധ്യമാകും. ഈ ദുരന്തത്തെ അതിജീവിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം കൂടി വേണം.
പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇന്ത്യയില്‍ ഒരു വകുപ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ദുരന്തം സംബന്ധിച്ച വിലയിരുത്തല്‍ നടത്തുക ധനകാര്യകമ്മീഷനുകളാണ്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിശ്ചിത മാനദണ്ഡമില്ലെങ്കിലും 12 ആം ധനകാര്യക്കമ്മീഷന്‍ മുതല്‍ വലിയ ദുരന്തങ്ങളെ അതിതീവ്രദുരന്തം അല്ലെങ്കില്‍ ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍ എന്നാണ് പറയുക. നാല് വിഭാഗമായാണ് ദുരന്തങ്ങളെ തിരിച്ചിരിക്കുന്നത്.
എല്‍ സീറോ അല്ലെങ്കില്‍ സാധാരണം, എല്‍ വണ്‍ എന്ന ഒരു ജില്ലയ്ക്ക് കൈകാര്യം ചെയ്യാനാകുന്നത്, എല്‍ ടൂ ജില്ലയ്ക്ക് പുറത്തുള്ള സംസ്ഥാനം കൈകാര്യം ചെയ്യേണ്ടത്, എല്‍ ത്രീ കേന്ദ്രസേനയുടെ അടക്കം സഹായം വേണ്ട വലിയ ദുരന്തം.
ഇതില്‍ വയനാട്ടിലെ മുണ്ടക്കൈ ദുരന്തം എല്‍ ത്രീ വിഭാഗത്തില്‍പ്പെട്ടതാണ്.ദുരന്തം വിജ്ഞാപനം ചെയ്യേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ദുരന്തത്താല്‍ ബാധിക്കപ്പെട്ട പ്രദേശത്തെയാണ് വിജ്ഞാപനം ചെയ്യുന്നത്.
മുണ്ടക്കൈ ദുരന്തമേഖലയെ സര്‍ക്കാര്‍ തീവ്രദുരന്തബാധിതപ്രദേശമായി വിജ്ഞാപനം ചെയ്തുകഴിഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടി വരും. ദേശീയ ദുരന്തനിവാരണനിധിയില്‍ നിന്ന് അധികസഹായവും കേരളത്തിന് ലഭ്യമാകും,.
ധനകാര്യക്കമ്മീഷനുകള്‍ രൂപം നല്‍കിയ സംസ്ഥാന ദുരന്ത പ്രതികരണനിധിയെന്ന എസ്ഡിആര്‍എഫില്‍ കേന്ദ്രം 75 ശതമാനവും സംസ്ഥാനം ബാക്കി തുകയും ഇടും. സംസ്ഥാനത്തിന് വിഭവങ്ങള്‍ ലഭിക്കുന്നതില്‍ അപര്യാപ്തത വന്നാല്‍ ദേശീയ ദുരന്ത കണ്ടിജന്‍സി ഫണ്ടില്‍ നിന്ന് അധിക സഹായവും ലഭിക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രം ദേശീയ നിധിക്ക് നല്‍കിയത്. ദേശീയ ദുരന്തമെന്ന വിജ്ഞാപനം വന്നാല്‍ മാത്രമേ ബാങ്കുകളില്‍നിന്ന് ദുരന്തം കണക്കിലെടുത്ത് വായ്പാ മോറട്ടോറിയം പോലുള്ള പ്രത്യേക ഇളവുകള്‍ അനുവദിക്കാനാവൂ.
വിജ്ഞാപനം ചെയ്യപ്പെട്ട മേഖലകളില്‍ മാത്രമാണ് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഇത്തരം സഹായങ്ങള്‍ അനുവദിക്കുക. മുണ്ടക്കൈക്കും ചൂരല്‍മലയ്ക്കും അതിജീവീക്കണം. സാധ്യമായതെല്ലാം ചേര്‍ത്തുവച്ച് കേരളം വയനാടിനെ ചേര്‍ത്തുപിടിക്കും. ദേശീയദുരന്തമായി പ്രഖ്യാപിക്കുകയെന്നത് വയനാടിന്റെ നാളെയ്ക്ക് വേണ്ടിക്കൂടിയാണ്.