കൊച്ചി: മുൻ എംഎൽഎയും മുംസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സിപിഎം നേതാവ് പി ജയരാജൻ നൽകിയ പരാതിയിലായിരുന്നു അപകീർത്തി കേസ്. അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ നടത്തിയ പരാമർശം അപകീർത്തികരമെന്നായിരുന്നു കേസ്.
എന്നാൽ, തന്റെ പരാമർശങ്ങൾ പൊതു താത്പര്യം മുൻ നിർത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. കണ്ണൂർ മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. എംഎൽഎ എന്ന നിലയിൽ നിയമ വാഴ്ച ഉറപ്പാക്കാനുള്ള പരാമർശം തെറ്റല്ലെന്നു കേസ് റദ്ദാക്കി കോടതി വ്യക്തമാക്കി.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജൻ അപകീർത്തി കേസ് നൽകിയത്. ഷാജിയുടെ പ്രസ്താവന മാനഹാനി ഉണ്ടാക്കിയെന്നായിരുന്നു ജയരാജന്റെ പരാതി.