മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ ഇതു വരെ 22 പേരാണ് മരിച്ചത്. 86 പേരെ ഇനിയും കണ്ടത്താനുണ്ടെന്നാണ് വിവരം. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ ചെരുവില്‍ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്
മരിച്ചവരില്‍ ഒമ്പത് പുരുഷന്മാരും സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. കനത്ത മഴയെതുടര്‍ന്ന നിര്‍ത്തിവെച്ച തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.
നാല് എന്‍ഡിആര്‍എഫ് സംഘമാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. അപകടത്തില്‍ കുന്നിന്‍ ചെരുവില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ 48 വീടുകളില്‍ 17 എണ്ണം മണ്ണിനടിയിലായി്. ഗ്രാമത്തിലേക്ക് എത്താന്‍ റോഡില്ലാത്തതിനാല്‍ മണ്ണ് നീക്കുന്ന യന്ത്രങ്ങള്‍ അടക്കമുള്ള സാമഗ്രികള്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. യന്ത്രങ്ങളൊന്നുമില്ലാതെ കൈക്കോട്ടും മറ്റും ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്.
പത്തടിയിലേറെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണും കല്ലും മൂടിയിരിക്കുന്നത്, അവിടെയാണ് ഇത്തരത്തില്‍ രക്ഷാദൗത്യം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളുടെ സഹായം തേടിയെങ്കിലും അതിശക്തമായ മഴയും കാറ്റും തടസ്സമായിട്ടുണ്ട്.
കിട്ടിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോട്ടര്‍മടക്കം നടപടിക്രമങ്ങള്‍ ഒഴിവാക്കി സമീപത്ത് തന്നെ സംസ്‌കരിച്ചു. മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടവര്‍ക്കായി താത്കാലിക ക്യാമ്പുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.