Share this Article
ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്രനിമിഷം പൂര്‍ത്തിയാകില്ല; കുറിപ്പുമായി സ്‌പീക്കർ എ എൻ ഷംസീർ
വെബ് ടീം
posted on 12-07-2024
1 min read
speaker-lauds-oommen-chandys-contribution-to-vizhinjam

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ കുറിപ്പ്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് ഷംസീര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

വിഴിഞ്ഞത്തു പോയപ്പോള്‍ ഗൃഹാതുര ഓർമകളാണ് തനിക്കുണ്ടായതെന്നും ഷംസീർ പറയുന്നു.‌ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന പിതാവിനായി അദ്ദേഹം ജോലി ചെയ്തിരുന്ന തുറമുഖങ്ങളിലേക്ക് കത്തെഴുതിയതിനെക്കുറിച്ചുള്ള ഓർമകളും ഫെയ്സ്ബുക്കിലെ കുറിപ്പിൽ സ്പീക്കർ പങ്കുവച്ചു.

ഷംസീറിന്റെ കുറിപ്പ്:

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം ആരംഭിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാർഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.

വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നേതൃത്വം പോര്‍ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയി. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്രനിമിഷം പൂര്‍ത്തിയാകില്ല. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനു പുതിയ ഏടായി മാറുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

വിഴിഞ്ഞം പോര്‍ട്ടിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷം. എന്റെ ഉപ്പ ഒരു മര്‍ച്ചന്റ് നേവി ജീവനക്കാരനായിരുന്നു. ഏറെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ജോലി ചെയ്തിരുന്ന വിവിധ രാജ്യങ്ങളിലെ പോര്‍ട്ടുകളിലേക്കു ഞാന്‍ കത്തുകള്‍ എഴുതുമായിരുന്നു. ഇന്നു വിഴിഞ്ഞത്ത് പോയപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക് മെമ്മറിയാണ് എനിക്കുണ്ടായത്. ചരിത്ര നിമിഷത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories