മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും. സഹമന്ത്രിമാരായാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനുമാണ് മൂന്നാം മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവിലാണ് സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയത്.
മന്ത്രിപദം സംബന്ധിച്ച് പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി. പിന്നാലെ കുടുംബസമേതം ഡല്‍ഹിയിലേക്ക്. മന്ത്രിസഭയിലെ പ്രമുഖര്‍ക്ക് പിന്നാലെ 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പാര്‍ട്ടി കേരളത്തില്‍ ഒന്നമല്ലാത്ത കാലം മുതല്‍ ബിജെപിക്കാരനാണ് ജോര്‍ജ് കുര്യന്‍. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. ദൈവനാമത്തില്‍ തന്നെയായിരുന്നു സത്യപ്രതിജ്ഞ.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് ബിജെപി ഇക്കുറി കേരളത്തില്‍ കാഴ്ച വെച്ചത്. ആ പരിഗണനയ്ക്കും അപ്പുറത്ത് ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ എത്തുന്നത്.
തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗം നല്‍കിയ പിന്തുണയ്ക്കുള്ള പ്രത്യുപകരമാണ് ഈ മന്ത്രിപദവിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദേശീയ തലത്തില്‍ ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.