ഗാസയിലെ ബുറേജി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കളിച്ചുകൊണ്ടിരുന്ന അഞ്ച് കുട്ടികള്‍ക്കിടയിലേക്കാണ് ആക്രമണം ഉണ്ടായത്. അതേസമയം, ഗാസയില്‍ പട്ടിണിമരണങ്ങള്‍ കൂടുന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ ആക്രമണവും സൈന്യത്തിന്റെ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഗാസയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നു. ഗാസ ബുറേജി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കുമേലാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.
അഞ്ച് കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്. ഗാസ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും കൂട്ട ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് രോഗികളും ജീവനക്കാരും അല്‍ അലി ആശുപത്രിയില്‍ നിന്നും മറ്റ് ആശുപത്രികളിലെ ആശ്രയിക്കേണ്ട ഗതികേടിലുമാണ്.
ഇതിനിടയില്‍ സെന്‍ട്രല്‍ ഗാസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കോംപ്ലക്‌സിലേക്ക് യുദ്ധവിമാനങ്ങള്‍ തൊടുത്തുവിട്ടതായി ഇസ്രയേല്‍ സൈന്യം പറയുന്നു. ഇസ്രയേലിന്റെ കൂട്ടക്കുരുതി അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഹമാസ് മേധാവി ഇസ്‌മെയില്‍ ഹനിയ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ചുവീഴുന്ന സ്ഥിതി തുടരുന്നുവെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 33 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 38,243 പേര്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലും കൂടുതലെന്നാണ് ലോകരാഷ്ട്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.