Share this Article
ഇനി കേരളത്തിലെവിടെയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല, ഉത്തരവിറങ്ങി; ഏകീകൃത വാഹന രജിസ്‌ട്രേഷൻ ഉടനില്ല;പഠനം നടത്താൻ കമ്മിറ്റിയെ രൂപീകരിച്ച് ഗതാഗത കമ്മിഷണർ
വെബ് ടീം
posted on 09-12-2024
1 min read
VECHICLE REGISTRATION

കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമേ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അര്‍ടിഒമാര്‍ക്ക് ഇനി വാഹനരജിസ്‌ട്രേഷന്‍ നിരാകരിക്കാനാകില്ല. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒപരിധിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്‌ട്രേഷന്‍ നടത്തണമെന്ന ആറ്റിങ്ങല്‍ റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍.

മോട്ടോര്‍ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആര്‍ടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലില്‍ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലില്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന അപേക്ഷ ആര്‍ടിഒ തള്ളിയിരുന്നു. ഉടമ ആറ്റിങ്ങലില്‍ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാല്‍ രജിസ്ട്രേഷന്‍ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്നു.

ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

അതേ സമയം  എവിടെയും വാഹന രജിസ്‌ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടൻ നടപ്പിലാക്കില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്‌ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേഷനും നയംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories