Share this Article
എംഎൽഎ ആൻ്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതലിൽ കേസിൽ വിചാരണ നേരിടണം
MLA Antony Raju

ലഹരി കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു വിചാരണ നേരിടണം.

കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റീസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തവ്. ആന്റണി രാജു ഡിസംബര്‍ 20 ന് കോടതിയില്‍ ഹാജരാവണം.

പുനരന്വേഷണം റദ്ദാക്കണമെന്ന് ആന്റണി രാജുവിന്റെ ഹര്‍ജി കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റക്കാരനാണെന്ന് സര്‍ക്കാര്‍ കോതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. തനിക്കെതിരെ തെളിവില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി തള്ളി. 1990 ഏപ്രില്‍ നാലിന് ഓസ്‌ട്രേലിയന്‍ പൗരന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിയുമായി പിടിയിലായതാണ് കേസിനാസ്പദമായ സംഭവം.

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കോടതി ജീവനക്കാരനായ ജോസുമായി ഒത്തുകളിച്ച് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നും ഓസ്ട്രേലിയന്‍ പൗരനെ രക്ഷിച്ചെന്നുമായിരുന്നു ആരേപണം. 

അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു.

തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി പ്രതിയെ വെറുതെവിട്ടത്.

കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നാണ് കുറ്റപത്രം.

തൊണ്ടിമുതലില്‍ കൃത്രിമുണ്ടായെന്ന് സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജയമോഹന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994 ല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 33 വര്‍ഷമായി കേസ് ആരംഭിച്ചിട്ട്. 

1994ല്‍ എടുത്ത കേസില്‍ ആന്റണി രാജു ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള നിയമ കുരുക്ക് മുറുകുന്നതായാണ് സൂചന.

28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്നതായാണ് ആരോപണം.2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. കേസ് പിന്നീട് നെടുമങ്ങാട്  കോടതിയിലേക്ക് മാറ്റി. 22 പ്രാവശ്യം കേസ് പരിഗണിച്ചെങ്കിലും പ്രതികളെ കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കുകോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories